കനത്ത മഴ; ഹരിയാന അണക്കെട്ട് തുറന്നതോടെ രാജ്യതലസ്ഥാനം പ്രളയഭീതിയില്‍

ഡല്‍ഹി: ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നുവിട്ടതോടെ രാജ്യതലസ്ഥാനം പ്രളയഭീതിയില്‍. നാളെ രാവിലെയോടെ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തുമെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. യമുന നദിയിലെ ജലനിരപ്പ് ഉയരുകയാണെന്നും ചൊവ്വാഴ്ച അപകടനിലയായ 205.33 മീറ്റര്‍ മറികടക്കുമെന്നും കേന്ദ്ര ജല കമ്മിഷനും മുന്നറിയിപ്പ് നല്‍കി.

ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതോടെ ഡല്‍ഹി സര്‍ക്കാര്‍ ഞായറാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. യമുനയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് നദീതീരത്ത് നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഏകദേശം 37,000 ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നത്.

തിങ്കളാഴ്ച രാവിലെ എട്ടു മണി വരെ ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്ന് 2.79 ലക്ഷം ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ടുതവണയാണ് യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലെത്തിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രി അതിഷി പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് അവലോകന യോഗം വിളിച്ചു.

 

41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണു ഡല്‍ഹിയിലുണ്ടായത് (153 മില്ലി മീറ്റര്‍). പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡല്‍ഹിയില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു. ഹിമാചല്‍, കശ്മീര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കനത്തമഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.

ഹിമാചലിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. സംസ്ഥാനത്താകെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. കുളുവില്‍ ബിയാസ് നദി കരകവിഞ്ഞ് ഒട്ടേറെ കാറുകള്‍ ഒഴുകിപ്പോയി. പാലങ്ങള്‍ തകര്‍ന്നു പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും വ്യാപകനാശമുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും ദുരിതബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. ആഭ്യന്തരം, ദുരന്തനിവാരണം, നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു.

Top