തുലാവര്‍ഷം കനക്കുന്നു. . . ചീഫ് സെക്രട്ടറി യോഗം വിളിച്ചു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തകര്‍ത്ത് പെയ്യുകയാണ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാല്‍ ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

കണ്ണൂരും കാസര്‍കോടുമൊഴികെ മറ്റ്12 ജില്ലകളിലും ഇന്ന്ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.സംസ്ഥാനത്ത് തോരാമഴയില്‍ ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുന്നത്. പലയിടത്തും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി.കൊച്ചി നഗരത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതിവിതരണം തടസപ്പെട്ടു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനാല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് ഒരു മണിക്ക് മാത്രമേ എറണാകുളത്ത് നിന്ന് യാത്രതിരിക്കുകയുള്ളൂ. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) രാവിലെ 11.30-ന് പുറപ്പെടും.

Top