മഴ കനത്തു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടി ഉയര്‍ന്നു

ഇടുക്കി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടി ഉയര്‍ന്നു. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ അണക്കെട്ടിലെ എട്ട് അടി വെള്ളമാണ് കൂടിയത്. അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശങ്ങളായ തേക്കടിയിലും, പീരുമേടുമെല്ലാം ശക്തമായ മഴയാണ്. 14000 ഘനയടി വെള്ളമാണ് സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. സുപ്രീംകോടതി വിധി പ്രകാരം 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരള – തമിഴ്‌നാട് സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവും നിലവിലില്ല.

2355 അടി വെള്ളം മാത്രമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. നിലവില്‍ സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്. ഡാം തുറക്കണമെങ്കില്‍ 27 അടി കൂടി ജലനിരപ്പ് ഉയരണം. അതേസമയം, ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.

Top