കനത്തമഴ: കോഴിക്കോട് ജില്ലയില്‍ ഇരുപത് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയിൽ കേടുപാട് സംഭവിച്ചത്.

കനത്ത മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂർ മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്ത് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്. തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു.

Top