സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു… ഗതാഗത സംവിധാനം സ്തംഭനാവസ്ഥയില്‍

rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ മരണം 63 ആയി. മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുല്‍പൊട്ടലില്‍ മരിച്ച 9 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

കവളപ്പാറയിലും വയനാട് പുത്തുമലയിലും മണ്ണിനടിയില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ തെരച്ചിലിനായി സൈന്യമെത്തിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തു നിന്ന് ആലപ്പുഴ, കുമരകം, ചേര്‍ത്തല എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്. മലപ്പുറത്ത് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത തടസം തുടരുകയാണ്. മഞ്ചേരി-നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുമുണ്ട്. ട്രെയിന്‍ ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു.

കോഴിക്കോട് -പാലക്കാട് റൂട്ടിലെ ഗതാഗതം പുന:സ്ഥാപിക്കാന്‍ ഇതു വരെയും സാധിച്ചിട്ടില്ല. ഇവിടേയ്ക്കുള്ള ദീര്‍ഘ ദൂര ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, തിരുവനന്തപുരം- എറണാകുളം- തൃശൂര്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്രഥ് എക്‌സ്പ്രസ്, കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ്, ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസ്, മുംബൈ നേത്രാവതി എക്‌സ്പ്രസുകള്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ശബരി, ജയന്തി ജനത എക്പ്രസുകള്‍ നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ പരിശോധന നടത്തി ഗതാഗത യോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷമേ സര്‍വീസുകള്‍ ആരംഭിക്കുകയുള്ളുവെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

Top