ഇന്നും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തിലും മഴ കനക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവില്‍ ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പോലുമില്ലെന്നത് തെക്കന്‍ കേരളത്തിന് ആശ്വാസമാണ്. മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ വിശേഷിച്ച് വടക്കന്‍ കേരളത്തില്‍ അതിശക്തമഴയുടെ കാരണമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

മഴ കനത്തതോടെ 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

Top