കനത്ത മഴ; മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ: മുംബൈയില്‍ മഴ ശക്തമാകുന്നതിനിടെ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്നും അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ദുരന്തനിവാരണ സേനയുടെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തെലങ്കാന, ആന്ധപ്രദേശ്, ഒഡിഷ , പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അടുത്തദിവസം കനത്ത മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

 

Top