മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം കേരളത്തിലേക്ക്

natural disaster

മുംബൈ: മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം കേരളത്തിലേക്ക്. ഭുവനേശ്വറിലെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനില്‍ നിന്ന് അഞ്ച് ടീം ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ ഐഎല്‍76 വിമാനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സംഘം കോഴിക്കോട്ടെത്തും. ഒരോ ടീമിലും 36 അംഗങ്ങള്‍ വീതം ഉണ്ടാകും.

നാല് ജില്ലകളില്‍ നിലവില്‍ ദേശീയ ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ആരക്കോണത്ത് നിന്നുള്ള സംഘത്തെ വിന്യസിച്ചിരിക്കുന്നത്. സംഘത്തെ നയിക്കുന്നത് രണ്ട് മലയാളികളാണ്. ഡെപ്യൂട്ടി കമാന്റന്റ്റുമാരായ വിജയന്‍, വിനോജ് പി ജോസഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും ആവശ്യമാണെങ്കില്‍ കൂടുതല്‍ സേനകളെ വിന്യസിക്കുമെന്നും ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച യോഗത്തില്‍ പറഞ്ഞിരുന്നു.

അഞ്ചുദിവസങ്ങള്‍കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തിരുവനന്തപുരം ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

Top