ഭാവിയില്‍ ആശങ്ക വേണ്ട; ക്യാമ്പിലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കി രാഹുല്‍ ഗാന്ധി

വയനാട്: കനത്ത മഴയില്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് വയനാട് എംപി രാഹുല്‍ ഗാന്ധി.

മേപ്പാടി ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരുമായി നേരിട്ട് അദ്ദേഹം സംസാരിച്ചു. ക്യാമ്പില്‍ കഴിയുന്ന ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ഓരോരുത്തരെയും കണ്ട രാഹുല്‍ ഗാന്ധി ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീട് നഷ്ടമായവര്‍ക്കെല്ലാം സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും അതിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും, രാഹുല്‍ വ്യക്തമാക്കി. അതേസമയം, ദുരന്തത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

മരുന്നും ശുചീകരണ വസ്തുക്കളും വേണമെന്നതാണ് ക്യാമ്പുകളില്‍ നിന്നുയരുന്ന പൊതുവായിട്ടുള്ള ആവശ്യമെന്നും ഇക്കാര്യം സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ രാഹുല്‍ എല്ലാവര്‍ക്കും ഈദ് ആശംസകളും നേര്‍ന്നു.

ഇന്നലെ കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലില്‍ കൂടുതല്‍ നാശം സംഭവിച്ച കവളപ്പാറയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് കവളപ്പാറയില്‍ എത്തിയത്.

ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇന്നലെ വയനാട് മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായും ജില്ലാ കളക്ടറുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

Top