അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ, ഒപ്പം ഇടിയും മിന്നലും; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.

അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമായിരിക്കും. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.

Top