ന്യൂനമര്‍ദ്ദം: കേരളത്തില്‍ ശക്തമായ കാറ്റും മഴയും, ചുഴലിക്കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം !

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ്- മാലെദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമാകുകയാണ്. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ഒന്നാം തീയതി വൈകിട്ടോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഇന്ന് മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശും.ഒന്നാം തീയതി കാറ്റിന്റെ വേഗം മണിക്കൂറില്‍70 കിലോമീറ്റര്‍വരെയാകാനും സാധ്യതയുണ്ട്.പിന്നീട് 80 കിമീ മുതല്‍ 90 കിമീ വേഗതയില്‍ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കു കൂട്ടുന്നുണ്ട്.

അടുത്ത രണ്ട് ദിവസം കേരളത്തില്‍ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. കടലില്‍ പോയവര്‍ അടിയന്തരമായി തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top