ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ. . .

ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്യാമ്പുകളില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ക്യാമ്പുകള്‍ വൃത്തിയുള്ളതാകാന്‍ നല്ല തോതിലുള്ള ശുചീകരണം ആവശ്യമാണ്. മഴക്കാലമായതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ നല്‍കണം.

വീടുകളിലേയ്ക്ക് മടങ്ങി പോകുന്നവര്‍ക്ക് വൃത്തിയാക്കുന്നതിന് പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് സൗകര്യം ഒരുക്കേണ്ടതാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. നല്ല തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ പോലുള്ള സാധനങ്ങള്‍ എത്തിക്കണം.

വെള്ളം കയറിയ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. ഇവ വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവര്‍ക്കൊപ്പം ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കേണ്ടതാണ്.

കിണറുകള്‍ ശുചീകരിക്കാനുള്ള ഇടപെടല്‍ ആദ്യഘട്ടത്തില്‍ തന്നെ നടത്തണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ടാവണം. വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും താമസിക്കുവാന്‍ കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്പുകള്‍ക്കായി സ്ഥലം കണ്ടുവെക്കണം. തകരാറിലായ വൈദ്യുതിബന്ധം അതിവേഗത്തില്‍ തന്നെ പുനഃസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. റോഡിന്റെ തകര്‍ച്ച പരിഹരിക്കാനുള്ള കാര്യങ്ങളും ചെയ്യണം.

കുടിവെള്ളവിതരണം, വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കുവാന്‍ വേണ്ട അടിയന്തര നടപടി വേണം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നതായി കളക്ടര്‍മാര്‍ ഉറപ്പാക്കണം.

Top