ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദ പ്രദേശത്തിന്‍റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതിനാല്‍, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബർ 23 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക, ദക്ഷിണ കൊങ്കൺ, ലക്ഷദ്വീപ് എന്നീ തീരങ്ങളിലും ഒക്ടോബർ 26 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Top