സംസ്ഥാനത്ത് കനത്ത മഴ തുടരും. . .എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യാനാണ് സാധ്യതയുള്ളത്.

ഞായറാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുന്നതാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ പാത്തി ശക്തമായി അഞ്ചു ദിവസം കൂടി ഇപ്പോഴത്തെ സ്ഥിതിയില്‍ തുടരുമെന്നും അതിനാല്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഴ വീണ്ടും തുടരുക തന്നെയാണ്.

Top