എറണാകുളത്തെ രണ്ട് താലൂക്കുകളിലെ ​വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അവധി

കൊച്ചി: കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ ബീച്ചുകളിലും വ്യാഴാഴ്ച പ്രവേശനം നിരോധിച്ചിട്ടുണ്ട്.

കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്.

Top