പുതിയ ന്യൂനമര്‍ദം; നാളെ മുതല്‍ ഒമാനില്‍ കനത്ത മഴക്ക് സാധ്യത

മസ്‌കത്ത്: ഒമാനില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വ്യാഴാഴ്ച മുസന്ദം ഗവര്‍ണറേറ്റില്‍ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക. ആലിപ്പഴവും വര്‍ഷിക്കും. ഇത് ക്രമേണ വെള്ളി, ശനി ദിവസങ്ങളില്‍ ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലേക്ക് വ്യാപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്ക്-വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

വിവിധ ഇടങ്ങളില്‍ 10മുതല്‍ 50 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ച് കടക്കാന്‍’ ശ്രമിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 28മുതല്‍ 56 കി.മീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടല്‍ പ്രക്ഷുബ്ധമാകും. മുസന്ദം പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടല്‍തീരങ്ങളിലും തിരമാലകള്‍ രണ്ടുമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ട്. സമുദ്രയാത്രക്കൊരുങ്ങുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.

Top