ഇതു താന്‍ടാ മുഖ്യന്‍ ! ചെന്നൈയിലെ വെള്ളക്കെട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങി സ്റ്റാലിന്‍

ചെന്നൈ: ചെന്നൈ നഗരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടെത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. രാത്രി മുഴുവനും പെയ്ത മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി.

ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നഗരത്തിലെ 2 പ്രധാന തടാകങ്ങള്‍ തുറക്കാന്‍ ഒരുക്കം തുടങ്ങിയതോടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചെമ്പരമ്പാക്കം, പുഴല്‍ ജലസംഭരണികളാണു തുറക്കുക. ഇതിനു മുന്നോടിയായി താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിക്കാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് കാഞ്ചീപുരം, തിരുവള്ളൂര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നിര്‍ത്താതെ പെയ്യുന്ന മഴയാണു വെള്ളക്കെട്ടിനു കാരണമായത്. മുഖ്യമന്ത്രി നേരിട്ടെത്തിയാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്നു ട്രെയിന്‍ ഗതാഗതം വൈകി.

ബീച്ച്, എഗ്മൂര്‍, താംബരം, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. രാജ്യാന്തര സര്‍വീസുകള്‍ അടക്കം 14 വിമാനങ്ങളും വൈകി.

Top