മഴക്കെടുതി; മരണസംഖ്യ65…കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇതോടെ, സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
52 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചത്. ചെന്നൈയില്‍ നിന്നും 30 സേനാംഗങ്ങളാണ് തെരച്ചിലിനായി എത്തിയിരിക്കുന്നത്.

മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്.

ഇന്നലെ മുതല്‍ പുത്തുമലയടക്കമുള്ള മേഖലകളില്‍ മഴ പെയ്തിരുന്നില്ല. അതുകൊണ്ട് നേരത്തെ തന്നെ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചു. 10 മുതല്‍ 15 അടി വരെ ഉയരത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ആളുകള്‍ ഇപ്പോഴും അതിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഫയര്‍ഫോഴ്സ്, ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍, പൊലീസ്, സൈന്യം എന്നിവര്‍ സംയുക്തമായാണ് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്.

ഇന്നലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ പുത്തുമലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടര്‍ന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയല്‍, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യമ്പുകളിലായി മുപ്പത്തിഅയ്യായിരത്തിലധികം ആളുകള്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Top