റോഡുകള്‍ വെള്ളത്തില്‍;ബെംഗളൂരുവില്‍ നിന്നുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി കെഎസ്ആര്‍ടിസി

ബെംഗളൂരു: കനത്ത മഴയില്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്.

കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വ്വീസുകള്‍ നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തില്‍ വെളളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

വടക്കന്‍ കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ്. ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍ ശക്തമായി തുടരുകയാണ്. പുഴകള്‍ കവിഞ്ഞെഴുകിയതോടെ ഗതാഗതവും താറുമാറായിരിക്കുകയാണ്.

കനത്ത മഴയില്‍ കര്‍ണാടകത്തിലും സ്ഥിതി വഷളായിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മഴ കനത്തതോടെ വടക്കന്‍ കര്‍ണാടകത്തിലെ അരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. കര്‍ണാടകത്തിലെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 15 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top