ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി : പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവ് കൂടും. ഈ സമയം കൂടുതല്‍ ജാഗ്രത വേണം. തിങ്കളാഴ്ചയോടെ മാത്രമെ മഴയുടെ ശക്തി കുറയുകയുള്ളൂ. കനത്ത മഴ പ്രളയത്തിന് കാരണമാകുമെന്ന് പറയാനാകില്ലെന്നും. മലയോര മേഖലയില്‍ മണ്ണിടിച്ചിലിന്റെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

കല്ലാര്‍കുട്ടി, പ്ലാംബ ഡാമുകളുടെ അഞ്ച് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. പെരിയാര്‍, മുതിരപ്പുഴയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top