അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഓഗസ്റ്റ് നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റിലാണ് കേരളത്തില്‍ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തില്‍ പെയ്യുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. നിലവില്‍ കേരളത്തില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 3000 ദുരിതാശ്വാസക്യാമ്പുകള്‍ നിലവില്‍ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

Top