ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കും: കെ.ടി ജലീല്‍

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും വസ്തുവകകളും നഷ്ടമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍.

മറ്റൊരു സ്ഥലത്ത് കുടുംബങ്ങളെ ഒരുമിച്ച് താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അതുവരെ അവര്‍ക്കുള്ള താമസ സൗകര്യം ജില്ലാ ഭരണകൂടം സജ്ജമാക്കണമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കൊണ്ട് കവളപ്പാറയിലെ ശേഷിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നത് വരെ തിരച്ചില്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കിയ മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു, ജലീല്‍ വ്യക്തമാക്കി.

Top