ശക്തമായ മഴ : കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാസര്‍കോട്: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് മഴ ശക്തമായതിനെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുമുണ്ട്. ഫോണ്‍: 04994 257 700, 94466 01700.

Top