സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. തിരുവോണ ദിനത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണിത്.

ഉത്രാട ദിനത്തിൽ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉത്രാടപാച്ചിലിന് മഴ ഭീഷണിയില്ലാത്തത്.

Top