‘മഹാ’ചുഴലിക്കാറ്റ്: എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം; നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. നായരമ്പലത്ത് അന്‍പതിലേറെ കുടുംബങ്ങളെയാണ് ക്യാമ്പിലേയ്ക്ക് മാറ്റിയിരിക്കുന്നത്. താന്തോന്നി തുരത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ 15ലേറെ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു.പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.

ചെല്ലാനം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത്. വീടുകളിലേക്ക് വെള്ളം കയറുന്നു. ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു. എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.

കനത്തമഴയെ തുടര്‍ന്ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പരശ്ശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിച്ചു.

Top