കനത്ത മഴയില്‍ തലസ്ഥാനം വെള്ളത്തില്‍; 500ലേറെ വീടുകളില്‍ വെള്ളംകയറി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ മഴക്കെടുതി രൂക്ഷം. കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി ജനം ദുരിതത്തില്‍. അഞ്ഞൂറിലേറെ വീടുകള്‍ വെള്ളത്തിലായി. വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്.

ഗൗരീശപട്ടം, കുഴിവയല്‍, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ഇന്നലെ മുതല്‍ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ വീണ്ടും മുങ്ങി. കോസ്‌മോപൊളീറ്റന്‍ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.

ശ്രീകാര്യം അണിയൂര്‍, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്‌ലാറ്റിനറെ മതില്‍ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡില്‍ വള്ളം കയറി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവേഴ്‌സ് സംഘമാണ് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയില്‍ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ വെള്ളപ്പൊക്കം തടയാന്‍ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു, ആമയിഴഞ്ചാന്‍ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയില്‍ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു. ശുചീകരണം വെള്ളത്തിലുമായി.

Top