തമിഴ്‌നാട്ടില്‍ ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിൽ അതി ശക്തമായ മഴ. രാത്രി മുഴുവൻ നീണ്ട മഴ പലയിടത്തും രാവിലെയും തുടരുകയാണ്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളുവർ, ചെങ്കൽപ്പേട്ട് എന്നിവിടങ്ങളിലും രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദമാണ് മഴ വ്യാപകമാവാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ നീണ്ടു നിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരിയിലും രാത്രി വ്യാപകമായ മഴയുണ്ടായി.

Top