വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കൂടി കണക്കിലെടുത്ത് റെഡ് അലേര്‍ട്ട് നല്‍കുകയായിരുന്നു.

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാലാണ് സംസ്ഥാനത്ത് ശ്കതമായ മഴയ്ക്ക് സാധ്യത.ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിന് മുകളില്‍ മഴ പെയ്യാനുള്ള സാധ്യത ഉണ്ട്.

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

മഴ കനത്തതോടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുന്‍കരുതലെന്നോണം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്.

ജാഗ്രതാനിര്‍ദ്ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണിയുളള മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് രണ്ടര ലക്ഷം പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടു മെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

Top