കൊച്ചിയില്‍ കനത്ത മഴ; നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

കൊച്ചി: കൊച്ചിയില്‍ കനത്ത മഴ. കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, രാത്രിയോടെ ശക്തമാവുകയായിരുന്നു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബര്‍ 18 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top