കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടെ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

നവംബര്‍ 24ന് എറണാകുളത്തും കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ട്. നവംബര്‍ 25ന് കോഴിക്കോടും വയനാടും യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും അച്ചന്‍കോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്പമണ്‍ സ്റ്റേഷനിലും ഇന്ന് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചുണ്ട്. അതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ചക്രവാതചുഴി നവംബര്‍ 26 ഓടെ ന്യൂന മര്‍ദമായി ശക്തിപ്പെടാനാണ് സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 27 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും.

Top