സംസ്ഥാനത്ത് മഴ കനക്കുന്നു; 3മരണം, നിരവധി നാശനഷ്ടങ്ങള്‍,23വരെ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മഴക്കെടുതിയില്‍ ഇതുവരെ 3പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാലുപേരെ കാണാതായിട്ടുമുണ്ട്.

മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു.

ചൊവ്വാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര, അരുവിക്കര അണക്കെട്ടുകള്‍ തുറന്നു.കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. പമ്പയ്ക്ക് പുറമെ മൂവാറ്റുപുഴയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ കരമനയാറ്റിന്റെ തീരത്ത് വെള്ളം കയറി.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാറ്റും ശക്തമാവുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Top