കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട് ,വയനാട് ജില്ലകള്‍ക്കുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 204 മില്ലീമീറ്ററില്‍ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 24ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂണ്‍ 25ന്
തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂണ്‍ 26ന് തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ജൂണ്‍ 27ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ജൂണ്‍ 28ന്
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

ജൂണ്‍ 24ന് ലക്ഷദ്വീപ് തീരത്തും, ജൂണ്‍ 25 മുതല്‍ 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, ജൂണ്‍ 27 മുതല്‍ 28 വരെ കര്‍ണാടക തീരങ്ങളിലും മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Top