ദുരിതാശ്വാസ ക്യാമ്പുകളില്‍ 64013പേര്‍; ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്.

അതേസമയം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളം28 പേര്‍ മരിക്കുകയും 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി 22.50ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്.

വിവിധ കാരണങ്ങളാല്‍ അവധിയെടുത്ത ജീവനക്കാര്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ഡ്യൂട്ടിയിലുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറി താമസിക്കണമെന്നും വാളിന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാറികഴിയുന്നവര്‍ക്കുള്ള ക്യാമ്പ് ശനി രാവിലെ തുറക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇനിയും കനത്ത മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Top