അതി ശക്തമായ മഴയും മണ്ണിടിച്ചിലും; കെനിയയില്‍ മരണം 60 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തി ശക്തമായ മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് കെനിയയില്‍ മരിച്ചവരുടെ എണ്ണം 60 ആയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് വേഗത കൂട്ടാന്‍ കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത സുരക്ഷാ സൈന്യത്തെ വിന്യസിച്ചു.

ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലാണ് വെള്ളിയാഴ്ച കനത്ത മഴ ആരംഭിച്ചത്. മണ്ണിടിച്ചിലില്‍ പെട്ട് ഏഴ് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടും രണ്ട് പേര്‍ നദി കരകവിഞ്ഞതിനെത്തുടര്‍ന്നും മുങ്ങിമരിച്ചു. ഇത്രയും ഭീതിജനകമായ ദുരന്തം മുമ്പ് കണ്ടിട്ടില്ലെന്ന് വെസ്റ്റ് പൊകോട്ട് മേഖലയുടെ ഗവര്‍ണറായ ജോണ്‍ ക്രോപ് ലോന്യാന്‍ഗാപുവോ പറഞ്ഞു.

നാല് പാലങ്ങള്‍ ഒലിച്ചുപോയതോടെ പല ഗ്രാമങ്ങളിലേക്കും എത്തിപ്പെടാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം വിഫലമായി. 500ഓളം വാഹനങ്ങളാണ് വിവിധ റോഡുകളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാസേനക്ക് ചില പ്രദേശങ്ങളിലേക്കെത്തിപ്പെടാന്‍ 4 മണിക്കൂറോളം നടക്കേണ്ടിവന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറയാന്‍ കാരണമായി.

അതേസമയം മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു.

Top