ഡല്‍ഹിയില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍

ന്യൂഡല്‍ഡി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. 42 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തികളിലും മഴ ശക്തമായി. അതിശൈത്യമാണ് ഡല്‍ഹിയിലെ കാലാവസ്ഥ.

മൂടല്‍മഞ്ഞിനും ശീതക്കാറ്റിനുമിടയില്‍ നാല് ദിവസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുകയാണ്. രാവിലെ 9 മണി ആയിട്ടും ഡല്‍ഹിയില്‍ ഇരുട്ട് മൂടിയ കാലാവസ്ഥയായിരുന്നു. കനത്ത മഴയില്‍ സൗത്ത് ഡല്‍ഹിയില്‍ വ്യാപകമായി ആലിപ്പഴം വീണു. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഡല്‍ഹി നഗരത്തില്‍ ഗന്താഗതക്കുരുക്ക് അനുഭവപ്പെട്ടു.

അടുത്ത 24 മണിക്കൂര്‍ ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ കുറഞ്ഞ താപനില 13 ഡിഗ്രിയും കൂടിയ താപനില 20.9 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഡല്‍ഹി അതിര്‍ത്തികളില്‍ കൊടുംതണുപ്പില്‍ കഴിയുന്ന കര്‍ഷകര്‍ കനത്ത മഴയില്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സമരകേന്ദ്രങ്ങളില്‍ വെള്ളം കയറിയതും കര്‍ഷകരെ ഏറെ വലച്ചു. ശീതക്കാറ്റ് തുടരുന്നത് ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിപ്പിച്ചിരിക്കുകയാണ്.

Top