ഡൽഹിയിൽ കാറ്റിലും മഴയിലും വ്യാപകനാശം; എട്ട് വിമാനങ്ങൾ തിരിച്ചുവിട്ടു

ഡൽഹി: ഡൽഹിയിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ എഴുപത് കി.മീ വേഗത്തിൽ വീശിയ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ വീണു. നിർത്തിയിട്ട കാറുകൾക്കും, വീടുകൾക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്സിനടുത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം പൂർണമായും തകർന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഡൽഹിയിലേക്കുള്ള എട്ട് വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ്, ലക്നൌ, ചാണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

അതേസമയം കടുത്ത ചൂടിൽ വലയുന്നതിനിടെ എത്തിയ മഴ ദില്ലി നഗരത്തിൽ അന്തരീക്ഷം തണ്ണുപ്പിക്കാനും തുണയായി. കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും തലസ്ഥാന നഗരത്തിലെ താപനില കുത്തനെ ഇടിഞ്ഞു. എയർപോർട്ടിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിലെ റീഡിംഗ് 13 ഡിഗ്രി സെൽഷ്യസും തെക്കൻ ഡൽഹിയിലെ സഫ്ദർജംഗിൽ 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞു. വൈകിട്ട് 4.20 നും 5.40 നും ഇടയിൽ, സഫ്ദർജംഗിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 25 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു,” ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആലിപ്പഴ വർഷവും ഇടിമിന്നലും ഒരുമിച്ചെത്തിയതോടെ ഇന്നലെ വൈകിട്ടോടെ ദില്ലി നഗരത്തിൽ ഇരുട്ട് പടർന്നു. കനത്ത മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റിൽ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ മിനാരഭാഗത്ത് കേടുപാടുകൾ പറ്റി. അവശിഷ്ടങ്ങൾ പതിച്ച് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേ‍ർക്ക് പരിക്കേറ്റതായി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു സംഘത്തെ ജുമാ മസ്ജിദിലേക്ക് അയച്ചതായി ഡൽഹി വഖഫ് ബോർഡ് അധികൃതർ അറിയിച്ചു.

Top