സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.9 ജില്ലകളിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചപ്പോൾ ചില ജില്ലകളിൽ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കാസർഗോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വയനാട്ടിൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്.

Top