കണ്ണൂർ ജില്ലയിലും തൃശ്ശൂരിൽ രണ്ട് താലൂക്കിലും സ്കൂളുകൾക്ക് അവധി, എംജി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

കാസർഗോഡ് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്സ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബു നിർദേശം നൽകി. കോൺക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് ഇന്ന് (31.10.2019) നടക്കാനിരുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റർസോൺ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. ഈ മത്സരങ്ങൾ നവംബർ 4-ന് നടക്കുമെന്നും കാലിക്കറ്റ് സർവകലാശാല പിആർഒ അറിയിച്ചു.

പൊന്നാനിയിൽ ഒരു സ്കൂളിലടക്കം രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 150 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി എം ഐ സ്കൂളിലും വെളിയങ്കോടുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.

‘ക്യാർ’ ചുഴലിക്കാറ്റിന് പിന്നാലെ ‘മഹ’ ചുഴലിക്കാറ്റ് കൂടി എത്തിയതോടെയാണ് വടക്കൻ കേരളത്തിൽ മഴ ശക്തമായത്. അടുത്ത രണ്ട് ദിവസം കൂടി വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ പെയ്യാനാണ് സാധ്യത.

Top