മഴക്കെടുതി; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി സര്‍ക്കാര്‍

pinarayi vijayan

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര യോഗത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാന്‍ തീരുമാനിച്ചു.

മൂന്നാറിലും നിലമ്പൂരിലും എന്‍ഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളു. അതുകൊണ്ട് തന്നെ ഈ മഴക്കൊന്നും അണക്കെട്ട് നിറഞ്ഞ് കവിയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.

അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴയുടെ അളവ് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി,കോട്ടയം വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിട്ടുണ്ട്.

എറണാകുളം കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കോഴിക്കോട് ജില്ലയില്‍ വടകര, താമരശ്ശേരി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇരുവിഴിഞ്ഞി, ചാലിയാര്‍ പുഴകളില്‍ ജനിരപ്പ് ഉയരുകയാണ്. വനമേഖലകളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. കഴിഞ്ഞതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

ഇന്നലെ എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബംഗലൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. പാലക്കാട്ടെ അട്ടപ്പാടി, ഷോളയൂര്‍, അഗളി, നെല്ലിയാംമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും ശക്തമായ മഴയുണ്ട്. മൂന്നാറിലും കാലവര്‍ഷം ശക്തമാണ്. മഴ കനത്തതോടെ കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി. പെരിയവരയില്‍ നിര്‍മിച്ച താത്കാലിക പാലം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

തിരുവനന്തപുരത്ത് കനത്തകാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി, ചിറയിന്‍കീഴിന് സമീപം മാവേലി എക്‌സ്പ്രസിന് മുകളില്‍ മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ട്രയിനിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ലോകോപൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം വടക്കന്‍ കേരളത്തിലേതുപോലെ മധ്യകേരളത്തില്‍ അതിശക്തമായ മഴ പെയ്യുന്നില്ല. എന്നാല്‍ ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ മഴ ശക്തമാകുന്നുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും മഴ നാശം വിതയ്ക്കുന്നുണ്ട്.

Top