കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങുന്നു; വിമാനസര്‍വ്വീസുകള്‍ റദ്ദാക്കുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ 48 മണിക്കൂറിന് ശേഷമേ തുറക്കാനാകൂവെന്ന് അധികൃതര്‍. ഇന്നലെ രാത്രി 11.45 ന് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയതിനെ തുടര്‍ന്നാണ് പ്രധാന റണ്‍വേ അടച്ചിട്ടത്.

രണ്ടാമത്തെ റണ്‍വെയാണ് നിലവില്‍ ഉപയോഗിക്കുന്നത്. 52 വിമാന സര്‍വീസുകള്‍ ഇതിനോടകം റദ്ദാക്കി. 55 എണ്ണം വൈകി. വലിയ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ രണ്ടാമത്തെ റണ്‍വേ പൂര്‍ണ്ണമായും പര്യാപ്തമല്ലാത്തതിനാല്‍ അന്താരാഷ്ട്ര സര്‍വീസുകളെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും മറ്റ് വിമാനക്കമ്പനികളും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് വിമാന സര്‍വീസ് റദ്ദാക്കിയിട്ടുണ്ടോ വൈകുമോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍സ് കമ്പനികള്‍ അറിയിച്ചു.

സ്പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം റണ്‍വേയുടെ അവസാനത്തില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. വിമാനം നീക്കുന്നതിനായി 150 നീളത്തില്‍ റാമ്പ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top