രണ്ട് ദിവസം കൊണ്ടു മരിച്ചത് 92 പേർ, പ്രളയത്തിൽ ബന്ദികളായി പതിനായിരങ്ങൾ . . .

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയില്‍ ഇന്ന് 49 മരണം. രണ്ടു ദിവസത്തിനിടെ മരിച്ചവരുടെയെണ്ണം 92 ആയി. പല ജില്ലകളിലും ഉരുള്‍പൊട്ടല്‍ ശക്തമാണ്.

തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ 13 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് 15ഓളം പേരെ രക്ഷപ്പെടുത്തി. ഉറുങ്ങാട്ടേരി ഓടക്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. കൂടരഞ്ഞിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു.

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലിലുമായി പത്തു പേര്‍ മരിച്ചു. ദേവികുളത്ത് മണ്ണിടിഞ്ഞ് നാലു പേര്‍ മരിച്ചു. നെടുങ്കണ്ടത്തെ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ മൂന്നു പേരും മരിച്ചു. അതിരപ്പിള്ളിക്കടുത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ മരിച്ചു. കോഴിക്കോട് മാവൂരില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു.

പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപ് പത്തടിപ്പാലം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ, പോലീസ്, വകുപ്പുകളിലെ ഇരുനൂറോളം ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്.

വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും കണ്‍ട്രോള്‍ റൂമിലെ വിവിധ നമ്പറുകളിലേക്ക് പ്രവഹിക്കുകയാണ്. അറുനൂറിലധികം ഫോണ്‍ വിളികളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ കോളുകളും സന്ദേശങ്ങളുമടക്കം 3200 ലധികം സഹായഭ്യര്‍ഥനകളാണ് ലഭിച്ചത്. ഓരോ സഹായ അഭ്യര്‍ഥനകളും രേഖപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. സഹായഭ്യര്‍ഥനകള്‍ കര്‍മ്മപഥത്തിലെത്തിക്കാന്‍ കൃത്യമായ ഏകോപനമാണ് കണ്‍ട്രോള്‍ റൂമില്‍ നടപ്പാക്കുന്നത്.

പത്തോളം ബോട്ടുകളും സ്വകാര്യ മത്സ്യ ബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ജില്ല കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിരവധി സഹായഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. ഇവയ്ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ദേശീയ ദുരന്ത നിവാരണ സേന, നേവി, ആര്‍മി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നീ സേനാ വിഭാഗങ്ങള്‍ ജില്ലയിലുടനീളം രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. മുവാറ്റുപുഴ പുഴക്കരക്കാവിന് സമീപമുള്ള 50 പേരെ നേവിയുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തെത്തിച്ചു. മുവാറ്റുപുഴ കടാതി ഭാഗത്ത് നിന്ന് 82 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ജില്ലയില്‍ ഇപ്പോള്‍ 269 ക്യാംപുകളില്‍ 14333 കുടുംബങ്ങളിലെ 52604 പേരാണ് കഴിയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ക ഏ വിജയ് സാക്കറെയും ക്യാംപിലെത്തിയിരുന്നു.

അതേസമയം ഒറീസയില്‍ രൂപപ്പെട്ട് കേരളത്തിലേക്ക് നീങ്ങിയ അതിന്യൂനമര്‍ദ്ദം പടിഞ്ഞാറേയ്ക്ക് നീങ്ങുകയാണ്. ന്യൂനമര്‍ദ്ദം വിദര്‍ഭയിലേക്കും ചേര്‍ന്നുകിടക്കുന്ന ചത്തിസ്ഗഡ് പ്രദേശങ്ങളിലേക്കും എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒരു ദിവസത്തിനുള്ളില്‍ ഇത് പതുക്കെ വെറും ന്യൂനമര്‍ദ്ദമായി മാറും. ഇതോടെ കേരളത്തിലെ മഴയുടെ കാഠിന്യം കുറയുമെന്നും അറിയിപ്പുണ്ട്. എന്നാല്‍ 19 വരെ കേരളത്തില്‍ മഴ നീണ്ടു നില്‍ക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ വീതം കനത്ത മഴപെയ്യും. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Top