ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു ; പേപ്പാറ, നെയ്യാര്‍ ഡാം ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് നാല് സെന്റീമീറ്റര്‍ വീതം തുറന്നത്. പേപ്പാറ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതോടെ കരമനയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. കരമനയാറ്റിലെ ഇരുകരയിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരുവിക്കര ജലസംഭരണിയിലെ നാലാമത്തെ ഷട്ടറാണ് മൂന്നു മീറ്റര്‍ തുറന്നത്. ഇനിയും മഴ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് നെയ്യാറിന്റെ നാലു ഷട്ടറുകള്‍ മൂന്നു അടി വീതം തുറന്നത്. 84.75 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഇന്ന് പുലര്‍ച്ചയോടെ ജലനിരപ്പ് 84.65 അടി ഉയര്‍ന്നു. നെയ്യാര്‍ കര കവിഞ്ഞ് ഒഴുകുകയാണ്.

Top