ഉത്തരേന്ത്യയില്‍ അതിതീവ്രമഴ തുടരുന്നു; ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിതീവ്ര മഴ തുടരുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ. മിന്നല്‍ പ്രളയത്തിന്റേയും മണ്ണിടിച്ചിലിന്റേയും നിരവധി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹിമാചലിലെ ജനങ്ങളോട് അടുത്ത 24 മണിക്കൂര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി, 1100, 1070, 1077 എന്നീ ഹെല്‍പ്ലൈന്‍ നമ്പറും സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറില്‍ ശക്തമായ മഴയാണ് ഹിമാചലില്‍ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച റെക്കോര്‍ഡ് മഴയായിരുന്നു ഹിമാചലില്‍ രേഖപ്പെടുത്തിയത്. മഴക്കെടുതിയില്‍ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളില്‍ 10 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ‘ഇന്ത്യയിലെ വിവിധയിടങ്ങളിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാദേശിക ഭരണകൂടം, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്. സംഘം മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഉത്തരേന്ത്യയിലെ മിന്നല്‍ പ്രളയസാഹചര്യത്തില്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ളവ പലയിടത്തും അടച്ചിട്ടു. 17 തീവണ്ടികള്‍ റദ്ദാക്കുകയും 12 തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ജമ്മുകശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച സുരന്‍കോട്ട് പ്രദേശത്തെ ദോഗ്രനല്ലയിലാണ് കരസേനാ ഉദ്യോഗസ്ഥര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടത്. ദോഡ ജില്ലയില്‍ ബസില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു.

ഞായറാഴ്ച ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഗംഗയിലേക്കുവീണ് മൂന്നുപേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. മഞ്ഞുവീഴ്ചയും കനത്തമഴയും രൂക്ഷമായ സാഹചര്യത്തില്‍ ലഡാക്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ ഞായറാഴ്ച ഹിമാചല്‍പ്രദേശില്‍ അഞ്ചുപേര്‍ മരിച്ചു. മണാലിയിലും ഷിംലയിലും കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഷിംലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു. പഞ്ചാബിലും ഹരിയാണയിലും കനത്തമഴ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ കൗശാംബിയില്‍ മരക്കൊമ്പ് വീണ് 10 വയസ്സുകാരി മരിച്ചു. ശനിയാഴ്ച ബല്ലിയയില്‍ മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചിരുന്നു.

 

 

Top