കനത്ത മഴ: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ

വയനാട്: വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആളാപയമില്ല.

സംസ്ഥാന വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്. കണ്ണൂർ ജില്ലയിൽ പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. പട്ടാന്നൂർ നാലുപെരിയയിലെ കാവുതീയൻ ചാലിൽ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റിൽ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനിൽ ചവിട്ടിയാണ് അപകടം

ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കാൻ സാധ്യത. പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവിൽ ജലനിരപ്പ് 27 അടിയാണ്. 28 അടിയായാൽ ഷട്ടർ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Top