മഴക്കെടുതി; കോട്ടയത്ത് 12 പേരുടെയും ഇടുക്കിയില്‍ ഒരാളുടേയും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി. കോട്ടയം കൂട്ടിക്കലെ ഉരുള്‍പൊട്ടലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടു പേരും മരിച്ചു.

കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍, മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവിടെ കണ്ടെടുത്ത ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി (45), മകന്‍ അലന്‍ (8), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു. ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍, കൂവപ്പള്ളിയില്‍ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് വിവരം. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട പെരുവന്താനം നിര്‍മലഗിരി വടശ്ശേരില്‍ ജോജി (44)യുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

Top