തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; 143 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,553 പേർ

ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്‌. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലാണ് മഴ കൂടുതൽ നാശംവിതച്ചത്. 143 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,553 പേരെ മാറ്റിപ്പാർപ്പിച്ചു. ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി. പലയിടത്തും വൈദ്യുതിയില്ല. മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായി.

തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ അഞ്ഞൂറോളം യാത്രക്കാർ തിങ്കളാഴ്‌ചമുതൽ കുടുങ്ങിക്കിടക്കുകയാണ്‌. ഇവിടെ വെള്ളംകയറി റെയിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ളശ്രമം തുടരുകയാണ്. വിവിധ സേനകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്‌. ഡൽഹിയിലുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിമാരുമായും കലക്ടർമാരുമായും ഓൺലൈൻ യോഗംചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി.

Top