കനത്ത മഴ; ഉത്തരാഖണ്ഡിലും  ഹിമാചലിലും മേഘ വിസ്ഫോടനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ ഡെറാഡൂൺ ജില്ലയിലെ റായ‍്‍പൂർ ബ്ലോക്കിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. കനത്ത മഴയിൽ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്ക് കുറുകെയുള്ള പാലം തകർന്നു. താപ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി.

ഹിമാചൽപ്രദേശിലെ മണ്ഡിയിലും മേഘ വിസ്ഫോടനത്തെ തുടർന്ന് കനത്ത മഴയുണ്ടായി. മണ്ഡിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയിൽ അടുത്ത 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top