കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് അവധി

heavyrain

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴയിലും ഇടിമിന്നലിലും 124 പേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ ഞാറാഴ്ച മൂന്ന് മണി മുതല്‍ കനത്ത മഴയും ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഹരിയാനയിലെ സ്‌കൂളുകള്‍ക്കെല്ലാം രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. മേയ് ഏഴ്, എട്ട് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മയാണു നിര്‍ദേശം നല്‍കിയത്.

ആസാം, മേഘാലയ,നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം ത്രിപുര, ബീഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം, ഒഡിഷ, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച മുതല്‍ കനത്ത മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ. ചൊവ്വാഴ്ച ജമ്മു കശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലും ഇടിമിന്നലിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ താലൂക്കുകളിലാണ് ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇത് കൂടാതെ എട്ട് തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top