ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. അതേസമയം, വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍, എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന നല്‍കും. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top