കനത്ത മഴയും കാറ്റും: സംസ്ഥാനത്ത് മരണം മൂന്നായി; കന്യാകുമാരിയില്‍ നാല് മരണം

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ നാശം വിതയ്ക്കുകയാണ്.

തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് മരിച്ചത്.

കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.

കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
rainfall

കനത്ത മഴയും ഓഖി ചുഴലികാറ്റ് ഭീഷണിയും നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴ തുടരുകയാണ്.മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദം നല്‍കിയിട്ടുണ്ട്.

നെയ്യാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ 4 ഷട്ടറുകള്‍ 6 അടി ഉയര്‍ത്തി.

Top